Latest

ഗണപതി ഭഗവാൻറെ ഐതിഹ്യങ്ങള്‍, വിവിധ നാമങ്ങള്‍, ആഘോഷങ്ങള്‍....


ॐ हरिः श्री गणपतये नमः अविघ्नमस्तु
ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു

ഭഗവാൻ പരമശിവന്റേയും  പാർ‌വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണപതി. പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്.സിദ്ധിയുടെയും ബുദ്ധിയുടെയും  ഇരിപ്പിടമായ ഗണപതിയെ ഏതു കാര്യത്തിനു മുൻപും വന്ദിക്കുന്നതു ഉത്തമമാണ്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്.ഗണപതിക്കു ആനയുടെ തല കിട്ടിയത് എങ്ങനെയെന്ന് വിവരിക്കാം.

കൈലാസത്തിൽ പാർവതി ദേവിക്ക് സ്വകാര്യത നഷ്ടപ്പെട്ട് പരമശിവന്റെയടുത്തു പരാതി പറഞ്ഞിട്ടും പരമശിവൻ പരിഹാരം കാണാത്തതുകാരണം ആദി പരാശക്തിയായ ദേവി, ഒരു കളിമൺ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവൻ കൊടുത്തു.
അവൻ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകർപ്പു തന്നെയായിരുന്നു.ഈ പുത്രൻ അവന്റെ അമ്മയുടെ കാവൽ ഭടനായി ആജ്ഞകൾ അക്ഷരം പ്രതി അനുസരിച്ചു പോന്നു.

ഒരിക്കൽ കുളിക്കുന്ന സ്ഥലത്തിനു കാവലായി ഗണപതിയെ നിർത്തി പാർവതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവൻ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പർവതിയെ വിളിപ്പിക്കാൻ ശ്രമിച്ചു . പക്ഷെ ഗണപതി ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല.ശിവൻ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതിൽ ക്രുദ്ധനായ ശിവൻ ഗണപതിയുമായി ഘോരമായ യുദ്ധം ചെയ്യുകയും, അവസാനം തലവെട്ടിക്കളയുകയും ചെയ്തു.

കുളികഴിഞ്ഞു വന്നപ്പോളാണ് പാർവതി ഇതെല്ലാം കാണുന്നത്. ആദിപരാശക്തിയായ ദേവിയുടെ പുത്രദുഃഖത്താലുള്ള കോപാഗ്നി ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേർന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുവാനും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ഗണപതിയിൽ ഉറപ്പിക്കുവാനും ഉപദേശിച്ചു.
ആദ്യം കണ്ടത് ആനയെ ആയിരുന്നതിനാല്‍, ആനയുടെ തല വെട്ടി ഗണപതിക്ക് വച്ചു. 


ശിവനും പാര്‍വ്വതിയും ആനയുടെ രൂപമെടുത്ത് വനത്തില്‍ ക്രീഡിക്കുമ്പോഴുണ്ടായതാണ് ഗണപതിയെന്ന് ഒരു കഥയുണ്ട്. പാര്‍വതിയുടെ സ്നാനാവസരത്തില്‍ എണ്ണയും മെഴുക്കും ഉരുണ്ടുകൂടിയാണ് ഗണപതിയുണ്ടായതെന്ന് മറ്റൊരു കഥയും നിലവിലുണ്ട്.

ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെക്കുറിച്ച് പറയുന്നത്. ഗണപതി ബൃഹസ്പതിയും കവിയുമാണ്. ഋഗ്വേദത്തില്‍തന്നെ കവികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഗണപതിയാണെന്നും പറയുന്നുണ്ട്. ഗണപതി ബുദ്ധിയുടെയും സിദ്ധിയുടെയും കവിത്വത്തിന്റെയും വേദവിജ്ഞാനത്തിന്റെയും അധിപതിയാണ്. വേദവാണിയെ ഗണപതി വിവാഹം കഴിച്ചുവെന്ന ഒരു പുരാണ കഥയുണ്ട്. ഗണപതിക്കുള്ളത് ബുദ്ധിയും  സിദ്ധിയും  എന്നീ പത്നിമാരാണ്.  ബൃഹസ്പതി അറിവിന്റെ പതിയാണ്. അമാനുഷ ശക്തിയുള്ളതെന്നും, ചമയ്ക്കപ്പെട്ടതെന്നുമാണ് 'സിദ്ധ'യെന്നതിന്നര്‍ത്ഥം. അമാനുഷമായ ഈ സൃഷ്ടിയെയാണ് സിദ്ധയെന്ന് വിളിക്കുന്നത്. ഗണപതിഭഗവാന്‍ എങ്ങനെ വിവാഹിതനായി എന്ന കഥ ഇവിടെ വിവരിക്കാം. ശിവനും പാര്‍വതിയും മകനായ ഗണപതിയുടെ പരിചരണത്തില്‍ അതീവ സന്തുഷ്ടരായിരുന്നു. താരകാസുരനെ വധിക്കുന്നതിനായി രണ്ടാമതൊരു പുത്രന്‍ കൂടി അവര്‍ക്കു ജനിച്ചു . അതാണ് കാര്‍ത്തികേയന്‍. ബ്രഹ്മജ്ഞാനത്താല്‍ ഭക്തരെ അനുഗ്രഹിക്കുന്നതിനാല്‍ ലോകം മുഴുവന്‍ അദ്ദേഹത്തെ സുബ്രഹ്മണ്യനെന്ന് വിളിച്ച് ആദരിച്ചു. യൗവനപ്രായത്തിലെത്തിയ ഗണേശന്റെയും സുബ്രഹ്മണ്യന്റെയും വിവാഹത്തെ കുറിച്ച് ശിവപാര്‍വതിമാര്‍ ചിന്തിച്ചു തുടങ്ങി. വിവാഹിതരാകണം എന്ന തീരുമാനം മാതാപിതാക്കള്‍ അറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കവും തുടങ്ങി. അവരുടെ തര്‍ക്കം പരിഹരിക്കുന്നതിനായി ശിവനും പാർവ്വതിയുംകൂടി ഒരു തീരുമാനം എടുത്തിട്ട് അവരോട് പറഞ്ഞു " നിങ്ങള്‍ രണ്ടു പേരില്‍ ആരാണോ ആദ്യം ഭൂമിമാതാവിനെ പ്രദക്ഷിണം വച്ച് വരുന്നത് അവര്‍ ആദ്യം വിവാഹിതനാകണം"

ഇതു കേട്ട ഉടന്‍ തന്നെ സുബ്രഹ്മണ്യഭഗവാാന്‍ തന്റെ മയില്‍ വാഹനത്തില്‍ ഏറി ഗണപതിഭഗവാനേക്കാള്‍ വേഗത്തില്‍ ഭൂമിയെ ചുറ്റി വരാനായി പുറപ്പെട്ടു. എന്നാല്‍, ഗണപതിഭഗവാൻ ആകട്ടെ  യാത്ര പോകുന്നതിന് പകരം മാതാപിതാക്കളോട് താന്‍ നല്‍കിയ ഇരിപ്പിടങ്ങളില്‍ ഇരിക്കാനും തന്റെ പ്രാര്‍ത്ഥനകളും സേവനങ്ങളും സ്വീകരിക്കാനും അപേക്ഷിച്ചു. ശിവപാര്‍വതിമാര്‍ ഇത് സമ്മതിക്കുകയും ആ ഇരിപ്പിടങ്ങളില്‍ ഇരിക്കുകയും ചെയ്തു. ഗണപതിഭഗവാൻ തികഞ്ഞ ഭക്തിയോടെ  ഇരുവരെയും പൂജ ചെയ്യുകയും ഏഴ് തവണ പ്രദക്ഷിണം ചെയ്ത് നമസ്‌കരിക്കുകയും ചെയ്തു. ഏഴാം തവണയും പ്രണാമം ചെയ്തു കഴിഞ്ഞപ്പോള്‍ സുബ്രഹ്മണ്യന്‍ ഭൂമിയെ വലം ചുറ്റി തിരിച്ചെത്തി. മാതാപിതാക്കള്‍ പറഞ്ഞത് പ്രകാരം ആദ്യം ഭൂമിയെ വലം ചുറ്റി എത്തിയത് താൻ ആയതി‍നാൽ തന്റെ വിവാഹം ആദ്യം നടത്തണമെന്ന് സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. ഗണേശന്‍ ഭൂമിയെ പ്രദക്ഷണം ചെയ്യാന്‍ പോലും പോയിട്ടില്ല. അപ്പോള്‍ ഗണപതിഭഗവാൻ പറഞ്ഞു. മാതാവേ, ജഗദ്പിതാവേ, വേദങ്ങളില്‍ പറയുന്നുണ്ട് സ്വന്തം മാതാപിതാക്കളെ പൂജിച്ച് പ്രദക്ഷിണം വയ്ക്കുന്നവര്‍ക്ക് ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നതിന്റെ ഫലം ലഭിക്കുമെന്ന്. ഈ അനുഗ്രഹം ശരിയാണെങ്കില്‍ നിങ്ങളെ എത്ര തവണ പ്രദക്ഷണം വയ്ക്കുന്നുവോ അത്രയും തവണ ഇതിന്റെ ഫലം ലഭിക്കില്ലേ. നിങ്ങളെ ഇരുവരെയും ഏഴ് തവണ പ്രദക്ഷിണം വയ്ക്കുക വഴി ഭൂമിയെ മാത്രമല്ല പ്രപഞ്ചത്തെ പൂര്‍ണമായി പ്രദക്ഷിണം വച്ചതിന് തുല്യമായിരിക്കുകയാണ്. അതിനാല്‍ എന്റെ വിവാഹം ആദ്യം ആഘോഷിക്കുക. ശ്രീ ഗണേശന്റെ  ബുദ്ധിപരമായ വാക്കുകള്‍ കേട്ട് ശിവപാര്‍വതിമാര്‍ പ്രസന്നരാകുകയും അദ്ദേഹത്തിന്റെ വിവാഹം ആദ്യം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

തുടരും ...

അഭിപ്രായങ്ങളൊന്നുമില്ല