Latest

എന്താണ് പുഷ്പാഞ്ജലി വിവിധതരം പുഷ്പാഞ്ജലിയും അവ വഴിപാട് കഴിപ്പിച്ചാൽ ഉണ്ടാവുന്ന ഗുണങ്ങളും...




പൂക്കൾ കൊണ്ടുള്ള അർച്ചനയാണ് പുഷ്പാഞ്ജലി കൂടാതെ ഇല, ജലം, ഫലം എന്നീ  ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു് ധ്യാനപൂർവ്വം പൂജാരി അതതു ഭക്തന്റെ പേരും നാളും ഉച്ചരിച്ചുകൊണ്ടും, ദേവന്റെ  മൂല മന്ത്രം കൊണ്ടും മൃത്യുഞ്ജയം , സുദർശനം മുതലായ ഇച്ഛാശക്തിയെ സവിശേഷാവസ്ഥയിൽ ചലിപ്പിയ്ക്കാവുന്ന മന്ത്രങ്ങളെക്കൊണ്ടും പുഷ്പാഞ്ജലി ചെയ്യാറുണ്ട്‌. ഓരോ ദേവന്റേയും അഷ്ടോത്തരശത നാമം, സഹസ്രനാമ മന്ത്രങ്ങൾക്കൊണ്ടും അർച്ചന ചെയ്യാറുണ്ട്. ഉച്ചരിക്കേണ്ട മന്ത്രങ്ങൾ യഥാർത്ഥത്തിൽ സാമാന്യം ദീർഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണു് വഴിപാടു നടത്തുമ്പോൾ പൂജാരികൾ ചെയ്യാറുള്ളതു്.

ഓരോ തരം പുഷ്പങ്ങളെക്കൊണ്ടും ചെയ്യുന്ന അർച്ചനയ്ക്ക് സവിശേഷമായി ഫലപ്രാപ്തി ഉണ്ടെന്ന് അഗമങ്ങൾ സിദ്ധാന്തിയ്ക്കുന്നുണ്ട്. ചില ദേവന്മാർക്ക് ചില പ്രത്യേക പുഷ്പങ്ങൾ വർജ്ജ്യവും ചിലതു അഭിലഷണീയവുമാണു്.

ഉദാഹരണമായി , ശിവനു് വിലപ്രതം ( കൂവളം ) , വിഷ്ണു വിനു് തുളസി , സരസ്വതിയ്ക്ക് താമര , ദേവിയ്ക്ക് കുങ്കുമപ്പൂവ് , ഭദ്രകാ ളിയ്ക്കും മറ്റും രജോഗുണമായ രക്ത പുഷ്പങ്ങൾ ( ജപാപുഷ്പം എന്നറിയപ്പെടുന്ന ചെമ്പരത്തിപ്പൂവു് ) എന്നിവ അതതു ദേവതകളുടെ സവിശേഷ ഭാവത്തിനനുസരിച്ചു് ആഗമങ്ങളിൽ നിബന്ധിച്ചിരിയ്ക്കുന്നു. ഏതായാലും ഭക്തൻ ( ആകാശഭൂതത്തെ ചന്ദനജലം തളിച്ചതിനാൽ ദേഹപ്രതീകമായ ദ്യാവാപൃഥിവി എന്നും കൂടെയുണ്ടു് ) ദേവങ്കൽ അർപ്പിയ്ക്കപ്പെടുന്ന ഈ പ്രക്രിയയിലൂടെ ആകാശോപരി വർത്തിയ്ക്കുന്ന മനോമയാദി കോശങ്ങളിലെ അവൻറ പ്രജ്ഞയെ കൈപിടിച്ചുയർത്താൻ പഷ്പാഞ്ജലി കൊണ്ട് സാധിയ്ക്കേണ്ടതാണ്. സഹസ്രനാമാദി അർച്ചനകൾകൊണ്ടും മറ്റും ലഭ്യമാകുന്ന ദൂരവ്യാപകമായ ഫലപ്രാപ്തിയേപ്പറ്റി ഒാരോ സഹസ്രനാമത്തിന്റെ ഉത്തരാർദ്ധത്തിലും പ്രതിപാദിച്ചിട്ടുള്ളതായി കാണാം.

ധാരാളം ക്ഷേത്രങ്ങളിൽ അടുത്ത കാലത്തായി ലക്ഷാർച്ചന, കോടി അർച്ചന എന്നിങ്ങനെ മൂലമന്ത്രങ്ങൾകൊണ്ടും സഹസ്രനാമങ്ങളെക്കൊണ്ടും അർച്ചന തുടർച്ചയായി ചെയ്യുന്നതു സാർവ്വത്രികമായിട്ടുണ്ട്. ഇത്തരം യജങ്ങൾകൊണ്ടു് ദേവചൈതന്യം കൂടുതൽ ശക്തിപ്പെടുകയും ആയതിൽ പങ്കെടുക്കുന്ന ഭക്തന്മാർക്കു് അദ്ഭുതകരമായ ഫലപ്രാപ്തി ഉണ്ടാ വുകയും ചെയ്യുന്നുണ്ടു്.

പ്രത്യക്ഷമായ അഭീഷ്ട പ്രാർത്ഥനകളോടുകൂടിയ അനേകം മന്ത്രങ്ങൾ എന്നിവകൊണ്ട് മനുഷ്യജീവിതത്തിനാവശ്യമായ എല്ലാ കാര്യങ്ങളുടേയും ഫലപ്രാപ്തി സുലഭമായിത്തന്നെ ലഭ്യമാണു് . ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാ പുഷ്പാർച്ചന.



വിവിധതരം പുഷ്പാഞ്ജലിയും അവ വഴിപാട് കഴിപ്പിച്ചാൽ ഉണ്ടാവുന്ന ഗുണങ്ങളും:-

1)   സഹസ്രനാമ പുഷ്പാഞ്ജലി - ഐശ്വര്യം.

2)   പുഷ്പാഞ്ജലി - ആയുരാരോഗ്യവര്‍ദ്ധന.

3)   ബില്വപത്ര പുഷ്പാഞ്ജലി - ശിവസായൂജ്യം.

4)   സ്വയംവരപുഷ്പാഞ്ജലി - മംഗല്ല്യസിദ്ധി.

5)   സ്വസ്തിസൂക്ത പുഷ്പാഞ്ജലി - മംഗളലബ്ധി.

6)   ആയുർസൂക്ത പുഷ്പാഞ്ജലി - ദീര്‍ഘായുസ്സ്.

7)   ദേഹപുഷ്പാഞ്ജലി - ശാരീരികക്ലേശ നിവാരണം.

8)   ത്രയ്യംബക പുഷ്പാഞ്ജലി - അഭീഷ്ടസിദ്ധി, യശസസ്.

9)   രക്തപുഷ്പാഞ്ജലി  - അഭീഷ്ടസിദ്ധി, ശത്രുദോഷശമനം.

10) ഭാഗ്യസൂക്ത പുഷ്പാഞ്ജലി - സമ്പല്‍സമൃദ്ധി, ഭാഗ്യലബ്ധി.

11) പുരുഷസൂക്ത പുഷ്പാഞ്ജലി - മോക്ഷം, ഇഷ്ടസന്താനലാഭം.

12) സരസ്വത പുഷ്പാഞ്ജലി - വിദ്യാലാഭം, മൂകതാനിവാരണം.

13) ശത്രുദോഷപുഷ്പാഞ്ജലി - ശത്രുദോഷങ്ങള്‍ അനുഭവിക്കില്ല.

14) ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി - മുന്‍ജന്മ പാപപരിഹാരം.

15) ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി - ദുരിതനാശം, സര്‍വ്വാഭീഷ്ടസിദ്ധി.

16) മൃത്യുഞ്ജയ പുഷ്പാഞ്ജലി - ആയുർദോഷശാന്തി, രോഗശമനം.

17) ആരോഗ്യസൂക്ത പുഷ്പാഞ്ജലി - ശരീരികബലം വര്‍ദ്ധിക്കുന്നു.

18) പാശുപത പുഷ്പാഞ്ജലി - നാൽക്കാലികളുടെ രോഗശമനത്തിനു.

19) ശ്രീസൂക്ത പുഷ്പാഞ്ജലി - ശ്രീത്വം വര്‍ദ്ധിക്കുന്നതിനു, സമ്പല്‍സമൃദ്ധി.

20) ഐക്യമത്യസൂക്ത പുഷ്പാഞ്ജലി - കലഹനിവൃത്തി, മത്സരം ഒഴിവാക്കല്‍.

21) പഥിക്രതുസൂക്ത പുഷ്പാഞ്ജലി - നല്ലബുദ്ധി തോന്നുന്നതിനും, നേര്‍വഴിക്കു നടത്തുന്നതിനും.

അഭിപ്രായങ്ങളൊന്നുമില്ല