Latest

മുവാളംകുഴി ചാമുണ്ഡിയെശ്വരിയമ്മ
മുവാളംകുഴി ചാമുണ്ഡിയെശ്വരിയമ്മ

കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തുലാമാസത്തിലെ പത്താം തീയ്യതി കൊളച്ചേരി ചാത്തമ്പള്ളിക്കാവിലും, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലേയും കളിയാട്ടത്തോടെയാണ്.
ഇടവപ്പാതിയില്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിലെ കളിയാട്ടത്തോടെ തെയ്യക്കാലം സമാപിക്കുകയും ചെയ്യുന്നു.

തുലാം പത്തോടെ വടക്കൻ കേരളത്തിലെ കാവുകളിൽ തെയ്യക്കോലങ്ങൾ ഉറഞ്ഞുതുള്ളും. അഞ്ഞൂറ്റമ്പലം വീരര്‍കാവിൽ പുലര്‍ച്ചെ മുതല്‍ പടവീരന്‍, പാടാര്‍കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ശൂലിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ഓരോ തെയ്യത്തിന്റെയും അലങ്കാരങ്ങൾ വ്യത്യസ്ഥമാണ്. നിറത്തിലും രൂപത്തിലും, ആകൃതിയിലും വൈവിധ്യങ്ങൾ നിറയും.

മുവാളം കുഴി ചാമുണ്ഡിയുടെ ഐതിഹ്യം തുടങ്ങുന്നത് തുളുനാട്ടിലെ മന്ത്രദ്രഷ്ടാക്കളായ രണ്ട് തന്ത്രി കുടുംബങ്ങളുടെ വ്യക്തി വിദ്വേഷത്താലാണ്.
നൂറ്റാണ്ടുകൾക്കുമുൻപ് അരവത്തു എടമനയിൽ മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണൻ ജീവിച്ചിരുന്നു. ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളയത്തില്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. അവിടെയും മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ടിത്യമുള്ള ബ്രാഹ്മണൻ താമസിച്ചിരുന്നു.

ഒരുദിവസം എടമനയിൽ നിന്ന് ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിക്കുവാൻ ഇടവരുക ഉണ്ടായി. ഗൃഹനാഥന്റെ അഭാവത്തിൽ അവിടുത്തെ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായി. തുടർന്ന് ചില മന്ത്രപ്രയോഗങ്ങൾ നടത്തി അവിടെ നിന്നുതിരിക്കുകയും ചെയ്തു. അൽപ്പം കഴിഞ്ഞ് സ്വന്തം വീട്ടിൽ എത്തിചേർന്ന ഒളയത്ത് തന്ത്രി കാര്യം മനസ്സിലാക്കി. മന്ത്രരൂപേണതന്നെ പ്രതികരിക്കുകയും ചെയിതു.

ഇരുവരുടെയും വ്യക്തി വിദ്വേഷത്താല്‍ രണ്ട് തന്ത്രിമാരും മാത്സര്യം പുണ്ട് തങ്ങളുടെ മന്ത്രമൂര്‍ത്തികളെ കൊണ്ട് പരസ്പരം തീഷ്ണമായി ഏറ്റുമുട്ടുവാൻ തുടങ്ങി.തുടർന്ന് ഒളയത്ത് തന്ത്രി സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും ചെയ്യിതു. തന്നെ സമീപിച്ച മന്ത്ര മൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് തൊണ്ടിലാക്കി കുഴിച്ചിട്ടു. ക്ഷണനേരം കൊണ്ട് അത് പൊട്ടി പിളർന്ന് മന്ത്രമൂർത്തി എടമനതന്ത്രിയെ പിൻതുടർന്നു. ഇല്ലത്തെത്തിയ തന്ത്രി തന്നെ പിൻതുടർന്നെത്തിയ മന്ത്രമൂർത്തിയെ ഉറപ്പേറിയ ചെമ്പുകുടത്തിൽ വീണ്ടും ആവഹിച്ചടക്കി. തന്റെ ആശ്രിതന്മാരായ മട്ടെ കോലന്‍, കീക്കാനത്തെ അടിയോടി എന്നിവരുടെ സഹായത്താല്‍ തന്റെ ഇല്ലത്തിനു തെക്കു കിഴക്കായി മൂവാൾ പ്രമാണം ( മുന്നാള്‍ ആഴത്തില്‍) കുഴികുഴിച്ച് അതില്‍ അടക്കം ചെയിതു. മുക്കാല്‍ നാഴിക നേരം കൊണ്ട് സർവ്വതന്ത്രാത്മികയും സർവ്വമന്ത്രാത്മികയുമായ പരാശക്തി ഹുങ്കാരഘോര ശബ്ദത്തോടെ ചെമ്പുകുടം ഭേദിച്ച് സ്വതന്ത്രയായി മട്ടെ കോലാനെ പിന്തുടര്‍ന്ന് മട്ടെ തറവാടിന്റെ പടിഞ്ഞാറ്റക്കകത്ത് വെച്ച് കോലാന്റെ മാറിടം പിളര്‍ത്തുകയും തറവാടിന് നാശംവിതയ്‌ക്കുകയും ചെയ്യിതു. ശേഷം തന്ത്രിയെ പിന്തുടര്‍ന്നു. ഈ ഘോര രൂപിണിയെ കണ്ട് ഭയം പൂണ്ട എടമന തന്ത്രി പ്രാണരക്ഷാർത്ഥംഓടി തൃക്കണ്ണാട് ത്രയബകേശ്വരനോട്അഭയം ചോദിച്ചു.

കിഴകെ നടയിലുടെ തന്ത്രിയും പടിഞ്ഞാറെ നടയിലുടെ എത്തിയ ഘോര രൂപിണിയെയും ത്രയംബകേശ്വരന്‍ അനുനയിപ്പിച്ച് തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി ശാന്തയാക്കി. ചെമ്പുകുടത്തിൽ മൂവാൾ കുഴിയിൽ മൂന്നേമുക്കാൽ നാഴിക നേരം സ്ഥാപനം ചെയ്യപെട്ടതിനാൽ മൂവാളംകുഴി ചാമുണ്ഡിയായി തൃക്കണ്ണാട് പടിഞ്ഞാറേ ഗോപുരത്തിൽ സ്ഥാനം നല്‍കി. തട്ടകത്തിന്റെ പരദേവതയാക്കി ശ്രീ മൂവാളം കുഴി ചാമുണ്ഡി എന്ന പേരില്‍ ഇളങ്കുറ്റി സ്വരൂപത്തിലെ മുഴുവന്‍ കാവുകളിലും’ കഴകങ്ങളിലും തറവാടുകളിലും കുടിയിരുത്തി ആരാധിച്ചു വരുന്നു.

തന്ത്രിമാർ തമ്മിലുള്ള വെറുപ്പ്‌ തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു. ശ്രീ മൂവാളംകുഴി ചാമുണ്ഡിയെ ധര്‍മ്മദൈവമായി അവരോധിച്ചു. എടമന തന്ത്രി എടമനചാവടിയില്‍ ശ്രീ മൂവാളം കുഴി ചാമുണ്ഡിയെ പരദേവതയായി അംഗികരിച്ച് പ്രതിഷ്ഠിച്ച് ആരാധിച്ചുവെങ്കിലും ചാമുണ്ഡിയുടെ കോപത്തിന് പാത്രമായ എടമന തന്ത്രിയുടെയും മട്ടെ കോലന്റെിയും കീക്കാനത്ത് അടിയോടിയുടെയും വംശനാശം സംഭവിക്കുകയാണ് ഉണ്ടായത്. എടമന തന്ത്രിയാൽ ചെമ്പു കുടത്തിൽ ആവാഹിക്കപ്പെട്ടതിനാൽ തന്ത്രിമാരെയും ചെമ്പ് കുടത്തെയും ദേവിയുടെ അരങ്ങിൽ അനുവദിക്കാറില്ല. കഠിനമായ കോപത്താൽ തൻ്റെ ശക്തി കൊണ്ട് പാതാളത്തിൽ നിന്ന് ചെമ്പ് കുടത്തെ പിളർന്നുകൊണ്ട് അവതരിച്ച ദേവി അതീവ രൌദ്രതയുള്ളവളാണ്. കോപം മൂത്ത്കണ്ണിൽ കാണുന്നവരെയൊക്കെ തൻ്റെ ആയുധങ്ങൾകൊണ്ട് ദേവി പ്രഹരിക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കുന്നതാണ്. ശക്തി സ്വരൂപിണിയാണ് മൂവാളം കുഴി ചാമുണ്ഡി. ശാലിയാർക്കു കുലദേവത ആണ് ഈ ദേവി. മലയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. ക്ഷേത്ര നിലവറക്കൊട്ടരങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് മുവാളം കുഴി ചാമുണ്ഡിയുടെ കോലംകെട്ടിയാടുന്നത്‌. ക്ഷേത്രത്തിലെ ആറാട്ടുത്സവം കഴിഞ്ഞതിന്റെ പിറ്റേദിവസം ചാമുണ്ഡിയുടെ കോലവിശേഷത്തിന്റെ തിരുവുറയെല്‍‌ സമയത്ത് മണ്ണില്‍നിന്നും കരിഞ്ഞ അരി പൊങ്ങുന്നതായി കാണാം.


അഭിപ്രായങ്ങളൊന്നുമില്ല