Latest

67 (285-288) ലളിതാ സഹസ്രനാമം

67 (285-288) ലളിതാ സഹസ്രനാമം

ആബ്രഹ്മകീടജനനീവർണ്ണാശ്രമവിധായിനീ 

നിജാജ്ഞാരൂപനിഗമാപുണ്യാപുണ്യഫലപ്രദാ


285. ആബ്രഹ്മകീടജനനീ

ഏറ്റവും ഉയർന്ന ബ്രഹ്മാവ് മുതൽ ഏറ്റവും താഴ്ന്ന പ്രാണിയുടെയും റ്റവും ചെറിയ ഏകകോശ ജീവികളുടെയും സ്രഷ്ടാവാണ് അമ്മ. ബ്രഹ്മാവിനെയും വിഷ്ണുവിനെയും മഹേശ്വരനെയും സൃഷ്ടിച്ചുവെന്ന ആശയം പ്രകടിപ്പിക്കുന്നു. എല്ലാവരിലും മാതൃത്വബോധം വളർത്തുന്നവളാണ് അമ്മ.


286. വര്‍ണ്ണാശ്രമവിധായിനീ

വര്‍ണ്ണങ്ങളും ആശ്രമങ്ങളും വിധാനം ചെയ്തവള്‍. പ്രപഞ്ചം പ്രകൃതിയുടെ നിയമങ്ങളാല്‍ ബന്ധിതമാണ് അതിനാൽ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കണം, ഈ നിയമങ്ങളില്‍ നിന്ന് കാലത്തിനനുസരിച്ച് വര്‍ഗ്ഗാഭിമാനങ്ങള്‍ ഉണ്ടാവുന്നു. അങ്ങിനെയാണ് വര്‍ണ്ണങ്ങളും ആശ്രമങ്ങളും ഉണ്ടായത്. വര്‍ണ്ണങ്ങള്‍ എന്നാല്‍ ബ്രാഹ്മണാദി വര്‍ണ്ണങ്ങള്‍ ആ എല്ലാ തരത്തിലുമുള്ള വർണ്ണങ്ങളുടെ നിയന്ത്രകയാണ് അമ്മ. ആശ്രമങ്ങള്‍ ബ്രഹ്മചര്യാദി ആശ്രമങ്ങള്‍.


287. നിജാജ്ഞാരൂപനിഗമാ

ആജ്ഞാരൂപങ്ങളായിരിക്കുന്ന നിഗമങ്ങളോടു കൂടിയവള്‍. ശരിയായ യഥാർത്ഥ അറിവ് പ്രചരിപ്പിക്കാനും പ്രപഞ്ചത്തെ മനസ്സിലാക്കാനും പരമമായ ആനന്ദം നേടാനുമുള്ളതാണ് അമ്മയുടെ നിഗമങ്ങൾ. വേദങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഇരുപത്തിയെട്ട് തന്ത്രങ്ങളെ നിഗമങ്ങൾ എന്ന് വിളിക്കുന്നു. ബ്രഹ്മാവ് മുതൽ പുഴുക്കൾ വരെ സൃഷ്ടിച്ചതിനുശേഷം, സൃഷ്ടിച്ച ജീവികളെ ശരിയായ പാതയിലേക്ക് നയിക്കാൻവേണ്ടി അമ്മ വേദങ്ങളും സൃഷ്ടിച്ചു.


288. പുണ്യാപുണ്യഫലപ്രദാ

നമ്മുടെ പുണ്യത്തിന്റെയും അപുണ്യത്തിന്റെയും പ്രവർത്തനങ്ങൾ അനുസരിച്ച് നല്ലതും ചീത്തയുമായ കർമ്മങ്ങളുടെ ഫലങ്ങൾ നൽകുന്നവളാണ് അമ്മ. സ്വാർത്ഥ പ്രേരണയില്ലാതെ ചെയ്യുന്ന ഏതൊരു പ്രവർത്തനവും നല്ലതായി കണക്കാക്കപ്പെടുന്നു. ഓരോരുത്തരും അവരവരുടെ കർമ്മങ്ങൾക്കനുസരിച്ച് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും. പുണ്യകര്‍മങ്ങള്‍ക്കും പാപകര്‍മങ്ങള്‍ക്കും ഉള്ള ഫലം തരുന്നത്‌ അമ്മയാണ്‌.



അഭിപ്രായങ്ങളൊന്നുമില്ല